Malayalam: OPEN BIBLE STORIES

Updated ? hours ago # views See on DCS

9. ദൈവം മോശയെ വിളിക്കുന്നു

Image

യോസേഫിന്റെ മരണശേഷം അദ്ദേഹത്തിന്റെ ബന്ധുക്കളെല്ലാവരും ഈജിപ്തിൽ താമസിച്ചു. അവരും അവരുടെ സന്തതികളും അവിടെ വളരെക്കാലം ജീവിക്കുകയും അനേകം മക്കൾ ഉണ്ടാകുകയും ചെയ്തു. അവർ യിസ്രായേല്യർ എന്ന് അറിയപ്പെട്ടു.

Image

നൂറുകണക്കിനു വർഷങ്ങൾക്കു ശേഷം യിസ്രായേല്യരുടെ എണ്ണം വളരെ വർദ്ധിച്ചു. ഈജിപ്തുകാർ യോസേഫിനെയും അവരെ സഹായിക്കുവാൻ അവൻ ചെയ്ത സകലത്തെയും മറന്നുപോയി. യിസ്രായേല്യർ എണ്ണത്തിൽ പെരുകിയിരുന്നതിനാൽ ഈജിപ്തുകാർ അവരെ ഭയപ്പെട്ടു. അതുകൊണ്ട് ആ സമയത്ത്‌ ഈജിപ്തു ഭരിച്ചിരുന്ന ഫറവോൻ യിസ്രായേല്യരെ ഈജിപ്തുകാർക്ക്‌ അടിമകളാക്കി.

Image

ഈജിപ്തുകാർ യിസ്രായേല്യരെ പല കെട്ടിടങ്ങളും ചില പട്ടണങ്ങൾപോലും പണിയുവാൻ നിർബന്ധിച്ചു. ഈ കഠിനവേല അവരുടെ ജീവിതം വളരെ കഷ്ടതയുള്ളതാക്കി. എന്നാൽ, ദൈവം അവരെ അനുഗ്രഹിക്കുകയും, അവർക്ക് കൂടുതൽ മക്കൾ ഉണ്ടാകുകയും ചെയ്തു.

Image

യിസ്രായേല്യർക്ക് വളരെയധികം മക്കളുണ്ടാകുന്നു എന്ന് ഫറവോൻ കണ്ടു. അതുകൊണ്ട് യിസ്രായേല്യരുടെ കുഞ്ഞുങ്ങളിൽ ആൺകുട്ടികളെ എല്ലാം നൈൽ നദിയിൽ എറിഞ്ഞുകൊല്ലുവാൻ അവൻ കല്പന കൊടുത്തു.

Image

ഒരു യിസ്രായേല്യ യുവതി ഒരു ആൺകുഞ്ഞിന്‌ ജന്മം നൽകി. അവളും അവളുടെ ഭർത്താവും അവർക്കു സാധിക്കുന്ന അത്രയും നാൾ കുഞ്ഞിനെ ഒളിപ്പിച്ചുവച്ചു.

Image

ഇനിയും അവനെ ഒളിച്ച്‌ സൂക്ഷിക്കുക സാധ്യമല്ല എന്നു അവന്റെ മാതാപിതാക്കൾ കണ്ടപ്പോൾ, അവനെ മരണത്തിൽ നിന്നും രക്ഷിക്കേണ്ടതിന് അവനെ നൈൽ നദിയുടെ തീരത്ത് ഞാങ്ങണയുടെ ഇടയിൽ വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന ഒരു ഞാങ്ങണപെട്ടകത്തിൽ വച്ചു. അവന് എന്തു സംഭവിക്കുമെന്നറിയുവാൻ അവന്റെ സഹോദരി ദൂരെ മാറിനിന്നു നോക്കുന്നുണ്ടായിരുന്നു.

Image

ഫറവോന്റെ പുത്രി ഈ പെട്ടകം കാണുകയും അത്‌ തുറന്നു നോക്കുകയും ചെയ്തു. കുഞ്ഞിനെ കണ്ടപ്പോൾ അവൾ അവനെ സ്വന്തമകനായി എടുത്തു. അവനു പാല്‌ കൊടുത്ത്‌ വളർത്തുവാൻ ഒരു യിസ്രായേല്യ സ്ത്രീയെ ഏർപ്പാടാക്കുകയും ചെയ്തു. ആ സ്ത്രീ അവന്റെ അമ്മ തന്നെയായിരുന്നു എന്ന് അവൾ അറിഞ്ഞില്ല. കുഞ്ഞിന് അമ്മയുടെ പാൽ കുടിക്കുന്ന പ്രായം കഴിഞ്ഞപ്പോൾ അവൾ അവനെ ഫറവോന്റെ പുത്രിക്കു തിരികെ കൊടുത്തു. അവൾ അവനു മോശെ എന്നു പേരിട്ടു.

Image

മോശെ വളർന്ന ശേഷം, ഒരു ദിവസം ഒരു ഈജിപ്തുകാരൻ ഒരു യിസ്രായേല്യ അടിമയെ അടിക്കുന്നതു അവൻ കണ്ടു. ഈ യിസ്രായേല്യ സഹോദരനെ രക്ഷിക്കുവാൻ മോശെ ശ്രമിച്ചു.

Image

ആരും കാണുകയില്ല എന്നു കരുതി മോശെ ആ മിസ്രയീമ്യനെ കൊല്ലുകയും അവന്റെ ശരീരം മറവുചെയ്യുകയും ചെയ്തു. എന്നാൽ മോശെ ഇത്‌ ചെയ്തത്‌ ആരോ ഒരാൾ കാണുവാൻ ഇടയായി.

Image

മോശെ ചെയ്ത കാര്യം ഫറവോൻ അറിഞ്ഞപ്പോൾ അവനെ കൊല്ലുവാൻ ശ്രമിച്ചു. മോശെ മിസ്രയീമിൽ നിന്നും ഫറവോന്റെ പടയാളികളിൽ നിന്നും രക്ഷ നേടുവാൻ മരുഭൂമിയിലേക്ക് ഓടിപ്പോയി.

Image

മിസ്രയീമിൽ നിന്നും വളരെയകലെ മരുഭൂമിയിലേക്ക്‌ പോയ മോശെ ഒരു ആട്ടിടയനായിത്തീർന്നു. ആ സ്ഥലത്തു നിന്നും അവൻ ഒരു സ്ത്രീയെ വിവാഹം കഴിക്കുകയും അവർക്ക്‌ രണ്ടു പുത്രന്മാർ ജനിക്കുകയും ചെയ്തു.

Image

ഒരു ദിവസം മോശെ തന്റെ ആടുകളെ മേയിച്ചുകൊണ്ടിരുന്നപ്പോൾ, ഒരു മുൾപ്പടർപ്പു കത്തുന്നതു കണ്ടു. എന്നാൽ മുൾപ്പടർപ്പ്‌ കരിയുന്നില്ല. കൂടുതൽ നന്നായി കാണേണ്ടതിന് മോശെ അതിന്റെ അടുത്തേക്ക്‌ പോയി. അവൻ അടുത്തു ചെന്നപ്പോൾ, “മോശെയേ, നീ നിൽക്കുന്ന സ്ഥലം വിശുദ്ധ സ്ഥലമാകയാൽ നിന്റെ കാലിൽ നിന്നും ചെരിപ്പ് അഴിച്ചുകളയുക” എന്ന്‌ പറയുന്ന ദൈവത്തിന്റെ ശബ്ദം കേട്ടു.

Image

“ഞാൻ എന്റെ ജനത്തിന്റെ കഷ്ടത കണ്ടു. ഈജിപ്തിലെ അടിമത്തത്തിൽ നിന്നും യിസ്രായേല്യരെ പുറത്ത്‌ കൊണ്ടുവരേണ്ടതിന് ഞാൻ നിന്നെ ഫറവോന്റെ അടുക്കലേക്ക് അയയ്ക്കും. അബ്രഹാമിനും, യിസ്ഹാക്കിനും, യാക്കോബിനും ഞാൻ വാഗ്ദത്തം ചെയ്ത കനാൻ ദേശം ഞാൻ അവർക്ക് കൊടുക്കും” എന്ന് ദൈവം പറഞ്ഞു.

Image

“എന്നെ ആർ അയച്ചു എന്ന് ജനങ്ങൾ എന്നോടു ചോദിച്ചാൽ ഞാൻ അവരോട് എന്ത് ഉത്തരം പറയണം?” എന്ന് മോശെ ദൈവത്തോടു ചോദിച്ചു. ദൈവം അവനോട്‌, “ഞാനാകുന്നവൻ ഞാനാകുന്നു, ‘ഞാനാകുന്നവൻ എന്നെ നിങ്ങളുടെ അടുക്കലേക്ക് അയച്ചു.’ 'ഞാൻ നിങ്ങളുടെ പിതാക്കന്മാരായ അബ്രഹാമിന്റെയും, യിസ്ഹാക്കിന്റെയും, യാക്കോബിന്റെയും, ദൈവമായ യഹോവയാണ്. ഇത് എന്നേക്കുമുള്ള എന്റെ പേരാണ് എന്നുകൂടി അവരോടു പറയുക” എന്ന്‌ പറഞ്ഞു.

Image

തനിക്കു നന്നായി സംസാരിക്കാൻ കഴിയില്ല എന്ന്‌ കരുതി ഫറവോന്റെ അടുക്കലേക്കു പോകുവാൻ മോശെ ഭയപ്പെട്ടതുകൊണ്ട്‌ ദൈവം മോശെയുടെ സഹോദരനായ അഹരോനെയും അവനെ സഹായിക്കുവാൻ വേണ്ടി അവനോടൊപ്പം അയച്ചു. ഫറവോൻ തന്റെ ഹൃദയത്തെ കഠിനമാക്കും എന്ന് യഹോവ മോശെയ്ക്കും അഹരോനും മുന്നറിയിപ്പും കൊടുത്തു.

(ഈ വേദപുസ്തക കഥ, പുറപ്പാട്‌ 1 മുതൽ 4 വരെയുള്ള അധ്യായങ്ങളിൽ നിന്നുമുള്ളതാണ്‌.)