33. വിതയ്ക്കുന്ന കൃഷിക്കാരന്റെ കഥ
ഒരു ദിവസം, യേശു തടാകക്കരയിൽ വച്ച് ഒരു വലിയ ജനക്കൂട്ടത്തെ പഠിപ്പിക്കുകയായിരുന്നു. അനേക ജനങ്ങൾ തന്റെ വാക്കുകൾ കേൾക്കുവാൻ വന്നതുകൊണ്ട് അവരോടു സംസാരിക്കുവാനുള്ള സൌകര്യത്തിനായി യേശു തീരത്തിന് അരികെ കിടന്നിരുന്ന ഒരു വള്ളത്തിൽ കയറി. ആ വള്ളത്തിൽ ഇരുന്നുകൊണ്ട് യേശു ജനക്കൂട്ടത്തെ പഠിപ്പിച്ചു.
യേശു അവരോട് ഇപ്രകാരം ഒരു കഥ പറഞ്ഞു: “ഒരിക്കൽ ഒരു കൃഷിക്കാരൻ വിത്തുവിതയ്ക്കുവാനായി പുറപ്പെട്ടു. അദ്ധേഹം വിത്തു വിതച്ചപ്പോൾ, ചിലതു വഴിയരികെ വീഴുകയും പക്ഷികൾ വന്ന് അവയെല്ലാം തിന്നുകളയുകയും ചെയ്തു”.
“മറ്റു ചില വിത്തുകൾ പാറസ്ഥലങ്ങളിൽ, ഏറെ മണ്ണില്ലാത്തിടത്തു വീണു. അവ ക്ഷണത്തിൽ മുളച്ചു വന്നു, എങ്കിലും വേരില്ലായ്കയാൽ വെയിലേറ്റപ്പോൾ അത് വാടി ഉണങ്ങിപ്പോയി”.
“മറ്റു ചില വിത്തുകൾ മുള്ളിനിടയിൽ വീണു. അവ വളരുവാൻ തുടങ്ങി, എന്നാൽ മുള്ളുകൾ അവയെ ഞെരുക്കിക്കളഞ്ഞു. അതുകൊണ്ട് മുള്ളു നിറഞ്ഞ നിലത്തു വീണ ചെടികൾ യാതൊരു ഫലവും നൽകിയില്ല.”
“മറ്റു വിത്തുകൾ നല്ല നിലത്ത് വീണു. ഈ വിത്തുകൾ വളർന്ന് മുപ്പതും അറുപതും നൂറും മേനി വിളഞ്ഞു. കേൾപ്പാൻ ചെവിയുള്ളവൻ കേൾക്കട്ടെ!”
ഈ കഥ ശിഷ്യന്മാർക്ക് ആശയക്കുഴപ്പമുണ്ടാക്കി. അതുകൊണ്ട് യേശു അവർക്ക് അത് വിശദീകരിച്ചു കൊടുത്തു, “വിത്ത് ദൈവവചനമാണ്. വഴി ദൈവവചനം കേൾക്കുകയും എന്നാൽ അതു മനസ്സിലാക്കാതിരിക്കുകയും ചെയ്യുന്ന ഒരു വ്യക്തിയാണ്. പിശാചു വന്ന് അവനിൽ നിന്നും ആ വചനം എടുത്തുകളയുന്നു.”
“ദൈവവചനം കേൾക്കുകയും അത് സന്തോഷത്തോടെ സ്വീകരിക്കുകയും ചെയ്യുന്ന വ്യക്തിയാണ് പാറകൾ നിറഞ്ഞ സ്ഥലം. എന്നാൽ പ്രയാസങ്ങളോ ഉപദ്രവങ്ങളോ കടന്ന് വരുമ്പോൾ വീണുപോകുന്നു.”
“ദൈവവചനം കേൾക്കുകയും എന്നാൽ സമയം മുന്നോട്ട് പോകുന്തോറും ദൈവത്തോടുള്ള അവന്റെ സ്നേഹത്തെ ഈ ലോകത്തിന്റെ ചിന്തയും, ധനത്തിന്റെ വഞ്ചനയും, മറ്റ് ജീവിത മോഹങ്ങളും ഞെരുക്കുകയും ചെയ്യുന്ന ഒരു വ്യക്തിയാണ് മുള്ളുകളുള്ള നിലത്തുവീണ വിത്ത്. അതിന്റെ ഫലമായി അവൻ കേട്ട ഉപദേശം മൂലം യാതൊരു ഫലവും പുറപ്പെടുവിക്കുന്നില്ല.”
“ദൈവവചനം കേൾക്കുകയും, വിശ്വസിക്കുകയും ഫലം കായ്ക്കുകയും ചെയ്യുന്ന വ്യക്തിയാണ് നല്ല നിലം.”
മത്തായി 13:1-8, 18-23; മർക്കൊസ് 4:1-8, 13-20; ലൂക്കൊസ് 8:4-15