Malayalam: OPEN BIBLE STORIES

Updated ? hours ago # views See on DCS

49. ദൈവത്തിന്റെ പുതിയ നിയമം

Image

മറിയ എന്നു പേരുള്ള ഒരു കന്യകയോട് അവൾ ദൈവപുത്രന്‌ ജന്മം നല്കുമെന്ന്‌ ഒരു ദൂതൻ പറഞ്ഞു. അവൾ ഒരു കന്യകയായിരിക്കെത്തന്നെ അവൾ ഒരു മകനു ജന്മം കൊടുക്കുകയും അവന് യേശു എന്നു പേരിടുകയും ചെയ്തു. അതിനാൽ, യേശു ദൈവവും മനുഷ്യനുമാണ്.

Image

താൻ ദൈവമാണ് എന്നു തെളിയിക്കുന്ന അനേക അത്ഭുതങ്ങൾ യേശു ചെയ്തു. അവൻ വെള്ളത്തിന്മീതെ നടന്നു, കൊടുംങ്കാറ്റിനെ ശാന്തമാക്കി, അനേക രോഗികളെ സൌഖ്യമാക്കി, ഭൂതങ്ങളെ പുറത്താക്കി, മരിച്ചവരെ ജീവിപ്പിച്ചു, അഞ്ചപ്പവും രണ്ടു മീനും കൊണ്ട്‌ 5,000 പേർക്കു ഭക്ഷണം കൊടുത്തു.

Image

യേശു ഒരു വലിയ ഗുരുവും ആയിരുന്നു. താൻ ദൈവപുത്രൻ ആയതിനാൽ അവൻ അധികാരത്തോടെയാണ് സംസാരിച്ചത്. നീ നിന്നെ സ്നേഹിക്കുന്നതുപോലെ തന്നെ മറ്റുള്ളവരെയും സ്നേഹിക്കേണം എന്ന് യേശു പഠിപ്പിച്ചു.

Image

നിങ്ങളുടെ സമ്പത്ത് ഉൾപ്പെടെ മറ്റെന്തിനെക്കാളും അധികമായി, ദൈവത്തെ സ്നേഹിക്കണം എന്ന് യേശു പഠിപ്പിച്ചു.

Image

ഈ ലോകത്തിലുള്ള മറ്റെന്തിനെക്കാളും വിലയേറിയതാണ് ദൈവരാജ്യം എന്ന് യേശു പഠിപ്പിച്ചു. ദൈവരാജ്യത്തിന്റെ അംഗമാകുക എന്നതാണ് ഒരുവനെ സംബന്ധിച്ചുള്ള ഏറ്റവും പ്രധാനപ്പെട്ട കാര്യം. ദൈവരാജ്യത്തിൽ അംഗമാകുന്നതിന് നിങ്ങൾ നിങ്ങളുടെ പാപങ്ങളിൽ നിന്നും രക്ഷിക്കപ്പെടണം.

Image

ചിലർ തന്നെ സ്വീകരിക്കുകയും രക്ഷിക്കപ്പെടുകയും ചെയ്യും, എന്നാൽ മറ്റുചിലർ അങ്ങനെയല്ല എന്ന് യേശു പഠിപ്പിച്ചു. ചിലർ നല്ല നിലം പോലെയാണ് എന്ന് അവൻ പറഞ്ഞു. അവർ യേശുവിന്റെ സുവിശേഷം കേൾക്കുകയും രക്ഷിക്കപ്പെടുകയും ചെയ്യും. മറ്റുള്ളവർ വഴിയരികെയുള്ള ഉറച്ച നിലം പോലെയാണ്. അവിടെ ദൈവവചനത്തിന്റെ വിത്ത് വീഴുന്നു എന്നാൽ യാതൊരു ഫലവും ഉണ്ടാകുന്നില്ല. യേശുവിനെക്കുറിച്ചുള്ള സന്ദേശം നിരസിക്കുന്നവർ അവന്റെ രാജ്യത്തിൽ കടക്കുകയില്ല.

Image

ദൈവം പാപികളെ സ്നേഹിക്കുന്നു എന്ന് യേശു പഠിപ്പിച്ചു. ദൈവം അവരോടു ക്ഷമിക്കുവാനും അവരെ തന്റെ മക്കളാക്കുവാനും ആഗ്രഹിക്കുന്നു.

Image

ദൈവം പാപത്തെ വെറുക്കുന്നു എന്നും യേശു പഠിപ്പിച്ചു. ആദാമും ഹവ്വായും പാപം ചെയ്തപ്പോൾ, അത് അവരുടെ സന്തതികളെയെല്ലാം ബാധിച്ചു. അതിന്റെ ഫലമായി ലോകത്തിലുള്ള ഓരോ വ്യക്തിയും പാപം ചെയ്യുകയും ദൈവത്തിൽ നിന്നും അകലുകയും ചെയ്തു. അതിനാൽ, എല്ലാവരും ദൈവത്തിന്റെ ശത്രുക്കളായിത്തീർന്നു.

Image

എന്നാൽ യേശുവിൽ വിശ്വസിക്കുന്ന ഏവനും തന്റെ പാപങ്ങൾ നിമിത്തം ശിക്ഷിക്കപ്പെടാതെ ദൈവത്തോടൊപ്പം എന്നേക്കും ജീവിക്കേണ്ടതിന് തന്റെ ഏക പുത്രനെ നൽകുവാൻ തക്കവണ്ണം ദൈവം ലോകത്തെ സ്നേഹിച്ചു.

Image

നിങ്ങളുടെ പാപം നിമിത്തം നിങ്ങൾ തെറ്റുകാരനും മരിക്കുവാൻ യോഗ്യനുമാണ്. അതുകൊണ്ട്‌ തന്നെ ദൈവം നിങ്ങളോട് കോപിക്കേണ്ടതാണ്, എന്നാൽ അതിനു പകരം ദൈവം തന്റെ കോപം യേശുവിന്റെ മേൽ പകർന്നു. യേശു ക്രൂശിൽ മരിച്ചപ്പോൾ, അവൻ നിങ്ങൾക്കുള്ള ശിക്ഷ ഏറ്റെടുത്തു.

Image

യേശു ഒരിക്കലും പാപം ചെയ്തില്ല, എന്നാൽ അവൻ താങ്കളുടെയും ഈ ലോകത്തിലുള്ള ഓരോ വ്യക്തിയുടെയും പാപങ്ങൾ നീക്കിക്കളയുവാൻ വേണ്ടി ഒരു സമ്പൂർണ്ണയാഗമായി മരിക്കുവാനും ശിക്ഷിക്കപ്പെടുവാനുമായി തെരഞ്ഞെടുക്കപ്പെട്ടു. യേശു തന്നെത്തന്നെ യാഗമായി അർപ്പിച്ചതുകൊണ്ട് നാം ചെയ്യുന്ന ഏതു പാപവും, അത്‌ ഏറ്റവും ഭയങ്കരമായത്‌ ആയാലും ദൈവം അത്‌ ക്ഷമിക്കും.

Image

നിങ്ങൾ ചെയ്യുന്ന നല്ല പ്രവർത്തികൾക്കു നിങ്ങളെ രക്ഷിക്കുവാൻ സാധിക്കുകയില്ല. ദൈവവുമായി ഒരു ബന്ധമുണ്ടാക്കുവാൻ വേണ്ടി നിങ്ങൾക്ക് ഒന്നും ചെയ്യുവാൻ സാധ്യമല്ല. നിങ്ങളുടെ പാപം കഴുകിക്കളയുവാൻ യേശുവിനു മാത്രമേ സാധിക്കുകയുള്ളൂ. അവൻ ദൈവപുത്രനാണ് എന്നും, എനിക്കു പകരമായി അവൻ കുരിശിൽ മരിച്ചു എന്നും ദൈവം അവനെ വീണ്ടും ജീവിപ്പിച്ചു എന്നും നീ വിശ്വസിക്കണം.

Image

യേശുവിൽ വിശ്വസിക്കുകയും അവനെ തങ്ങളുടെ കർത്താവായി സ്വീകരിക്കുകയും ചെയ്യുന്ന എല്ലാവരെയും ദൈവം രക്ഷിക്കും. എന്നാൽ യേശുവിൽ വിശ്വസിക്കാത്ത ആരെയും ദൈവം രക്ഷിക്കുകയില്ല. നിങ്ങൾ ധനവാനോ ദരിദ്രനോ, സ്ത്രീയോ പുരുഷനോ, യുവാവോ വൃദ്ധനോ, എവിടെ വസിക്കുന്നു എന്നോ ഉള്ളത്‌ പ്രധാനമല്ല. ദൈവം നിങ്ങളെ സ്നേഹിക്കുന്നു. മാത്രമല്ല, ദൈവത്തിനു നിങ്ങളുമായി അടുത്ത ബന്ധമുണ്ടാകേണ്ടതിന്‌ നിങ്ങൾ യേശുവിൽ വിശ്വസിക്കുവാൻ അവൻ ആഗ്രഹിക്കുകയും ചെയ്യുന്നു.

Image

തന്നിൽ വിശ്വസിക്കുവാനും സ്നാനം കൈക്കൊള്ളുവാനുമായി യേശു നിങ്ങളെ ക്ഷണിക്കുന്നു. യേശു ദൈവത്തിന്റെ ഏകപുത്രനായ മശിഹ ആണെന്നു നിങ്ങൾ വിശ്വസിക്കുന്നുണ്ടോ? നിങ്ങൾ ഒരു പാപിയാണ് എന്നും ദൈവത്തിന്റെ ശിക്ഷ നിങ്ങൾ അർഹിക്കുന്നു എന്നും നിങ്ങൾ വിശ്വസിക്കുന്നുണ്ടോ? യേശു നിങ്ങളുടെ പാപങ്ങൾ നീക്കുവാൻ വേണ്ടിയാണ് കുരിശിൽ മരിച്ചത് എന്നു നിങ്ങൾ വിശ്വസിക്കുന്നുണ്ടോ?

Image

നിങ്ങൾ യേശുവിലും അവൻ നിങ്ങൾക്കായി ചെയ്തതിലും വിശ്വസിച്ചാൽ നിങ്ങൾ ഒരു ക്രിസ്ത്യാനിയാണ്! ദൈവം നിങ്ങളെ സാത്താന്റെ ഇരുട്ടിന്റെ രാജ്യത്തിൽ നിന്നും എടുക്കുകയും ദൈവത്തിന്റെ വെളിച്ചത്തിന്റെ രാജ്യത്തിൽ ആക്കുകയും ചെയ്തിരിക്കുന്നു. പാപകരമായ രീതിയിൽ കാര്യങ്ങൾ ചെയ്യുന്ന നിങ്ങളുടെ പഴയ സ്വഭാവത്തിൽ നിന്നും നീതിയോടെ കാര്യങ്ങൾ ചെയ്യുന്ന ഒരു പുതിയ സ്വഭാവം ദൈവം നിങ്ങൾക്ക്‌ നൽകിയിരിക്കുന്നു.

Image

നിങ്ങൾ ഒരു ക്രിസ്ത്യാനി ആയിത്തീർന്നെങ്കിൽ, ദൈവം നിങ്ങളുടെ പാപങ്ങൾ യേശു മൂലം ക്ഷമിച്ചിരിക്കുന്നു. ഇപ്പോൾ, ദൈവം നിങ്ങളെ ഒരു ശത്രുവായി കാണുന്നതിനു പകരം ഒരു അടുത്ത സ്നേഹിതനായി കണക്കാക്കുന്നു.

Image

നിങ്ങൾ ദൈവത്തിന്റെ സ്നേഹിതനും കർത്താവായ യേശുവിന്റെ ദാസനും ആണ് എങ്കിൽ യേശു നിങ്ങളെ പഠിപ്പിക്കുന്നത് അനുസരിക്കുവാൻ നിങ്ങൾ ആഗ്രഹിക്കും. നിങ്ങൾ ഒരു ക്രിസ്ത്യാനിയാണ് എങ്കിലും, നിങ്ങൾ എപ്പോഴും പാപം ചെയ്യുവാൻ പരീക്ഷിക്കപ്പെടും. എന്നാൽ ദൈവം വിശ്വസ്തനാകുന്നു. നിങ്ങൾ നിങ്ങളുടെ പാപങ്ങൾ ഏറ്റുപറഞ്ഞാൽ, ദൈവം നിങ്ങളോടു ക്ഷമിക്കും. പാപത്തിനെതിരെ പോരാടുവാൻ ദൈവം നിങ്ങൾക്ക്‌ ശക്തി നൽകും.

Image

പ്രാർത്ഥിക്കുവാനും, തന്റെ വചനം പഠിക്കുവാനും, മറ്റു ക്രിസ്ത്യാനികളോടു കൂടെ ചേർന്ന്‌ ദൈവത്തെ ആരാധിക്കുവാനും, ദൈവം നിങ്ങൾക്കായി ചെയ്തതൊക്കെ മറ്റുള്ളവരോട് പറയുവാനും ദൈവം നിങ്ങളോടു ആവശ്യപ്പെടുന്നു. ദൈവവുമായി ആഴമായ ഒരു ബന്ധം സ്ഥാപിക്കുവാൻ ഇവയെല്ലാം നിങ്ങളെ സഹായിക്കും.

റോമർ 3:21-26, 5:1-11; യോഹന്നാൻ 3:16; മർക്കൊസ്‌ 16:16; കൊലൊസ്യർ 1:13-14; 2 കൊരിന്ത്യർ 5:17-21; 1 യോഹന്നാൻ 1:5-10