50. യേശുവിന്റെ മടങ്ങി വരവ്
കഴിഞ്ഞ 2,000-ൽ പരം വർഷങ്ങളായി, ലോകത്തിൽ എല്ലായിടത്തും ഉള്ള അനേക ആളുകൾ യേശു എന്ന മശിഹയെക്കുറിച്ചുള്ള സുവിശേഷം കേട്ടുകൊണ്ടിരിക്കുന്നു. സഭയും വളർന്നുകൊണ്ടിരിക്കുന്നു. ലോകത്തിന്റെ അവസാനത്തിൽ താൻ തിരികെ വരുമെന്ന് യേശു വാഗ്ദത്തം ചെയ്തിരിക്കുന്നു. ഇതു വരെ അവൻ തിരികെ വന്നിട്ടില്ല എങ്കിലും, യേശു തന്റെ വാഗ്ദത്തം നിറവേറ്റും.
നാം യേശുവിന്റെ മടങ്ങി വരവിനു വേണ്ടി കാത്തിരിക്കുമ്പോൾ, വിശുദ്ധിയോടും ദൈവത്തെ മാനിക്കുന്ന വിധത്തിലും നാം ജീവിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നു. അവന്റെ രാജ്യത്തെക്കുറിച്ചു മറ്റുള്ളവരോട് പറയണം എന്നും ദൈവം ആഗ്രഹിക്കുന്നു. “എന്റെ ശിഷ്യന്മാർ ദൈവരാജ്യത്തെക്കുറിച്ചുള്ള സുവിശേഷം ലോകത്തിൽ എല്ലായിടത്തും പ്രസംഗിക്കും, അപ്പോൾ അവസാനം വരും” എന്ന് യേശു ഭൂമിയിൽ ജീവിച്ചിരുന്നപ്പോൾ പറഞ്ഞിരുന്നു.
പല ജനവിഭാഗങ്ങളും ഇപ്പോഴും യേശുവിനെക്കുറിച്ചു കേട്ടിട്ടില്ല. സുവിശേഷം ഒരിക്കലും കേട്ടിട്ടില്ലാത്തവരോട് പ്രസംഗിക്കേണമെന്ന് യേശു സ്വർഗ്ഗത്തിലേക്കു തിരികെ പോകുന്നതിനു മുൻപ് ക്രിസ്ത്യാനികളോട് പറഞ്ഞു. മാത്രമല്ല, “പോയി സകല ജനവിഭാഗങ്ങളിൽ നിന്നും ശിഷ്യന്മാരെ ഉണ്ടാക്കുവിൻ!” എന്നും “കൊയ്ത്തിനായ് നിലം വിളഞ്ഞിരിക്കുന്നു!” എന്നും അവൻ പറഞ്ഞു.
ഒരു ദാസൻ തന്റെ യജമാനനെക്കാൾ വലിയവനല്ല എന്നും ഈ ലോകത്തിലെ അധികാരികൾ എന്നെ പകെച്ചതു പോലെ അവർ എന്റെ നിമിത്തം നിങ്ങളെയും ഉപദ്രവിക്കുകയും കൊല്ലുകയും ചെയ്യും എന്നും ഈ ലോകത്തിൽ നിങ്ങൾക്കു കഷ്ടം ഉണ്ടെങ്കിലും ധൈര്യപ്പെടുവിൻ, കാരണം ഈ ലോകത്തെ ഭരിക്കുന്ന സാത്താനെ ഞാൻ തോൽപ്പിച്ചിരിക്കുന്നു. അതുകൊണ്ട് അവസാനത്തോളം വിശ്വസ്തനായിരുന്നാൽ, ദൈവം നിങ്ങളെ രക്ഷിക്കും! എന്നും യേശു പറഞ്ഞു.
ലോകം അവസാനിക്കുമ്പോൾ മനുഷ്യർക്ക് എന്താണ് സംഭവിക്കുന്നത് എന്ന് വിശദീകരിക്കുവാൻ യേശു തന്റെ ശിഷ്യന്മാരോട് ഒരു കഥ പറഞ്ഞു. അതെന്തെന്നാൽ, “ഒരു മനുഷ്യൻ തന്റെ നിലത്ത് നല്ല വിത്ത് വിതച്ചു. അവൻ ഉറങ്ങുമ്പോൾ അവന്റെ ശത്രു വന്ന് ഗോതമ്പിന്റെ ഇടയിൽ കളകളുടെ വിത്ത് വിതച്ചിട്ട് പോയിക്കളഞ്ഞു.”
“ചെടികൾ മുളച്ചപ്പോൾ ദാസന്മാർ യജമാനനോട്, ‘നീ നല്ല വിത്തല്ലയോ നിലത്തു വിതച്ചത്? എന്നാൽ അതിൽ കളകൾ വന്നതെങ്ങനെയാണ്?’ എന്ന് ചോദിച്ചു. അതിന് യജമാനൻ, ‘ശത്രുവാണ് അതു ചെയ്തത്’എന്ന് ഉത്തരം പറഞ്ഞു.”
“ദാസന്മാർ അവരുടെ യജമാനനോട്, ‘ഞങ്ങൾ കളകൾ പറിച്ചുകളയണമോ?’ എന്ന് ചോദിച്ചു. അതിന് യജമാനൻ, ‘വേണ്ട. നിങ്ങൾ അങ്ങനെ ചെയ്താൽ, കളകളുടെ കൂടെ ചില ഗോതമ്പു ചെടികളും കൂടി പിഴുതു പോരും. അതുകൊണ്ട് കൊയ്ത്തുവരെ കാത്തിരിക്കുക. അപ്പോൾ കളകൾ കത്തിക്കുവാൻ കറ്റകളായി ശേഖരിക്കുകയും ഗോതമ്പ് എന്റെ കളപ്പുരയിൽ കൊണ്ടുവരികയും ചെയ്യാം’ എന്ന് പറഞ്ഞു.”
കഥയുടെ അർത്ഥം ശിഷ്യന്മാർക്കു മനസ്സിലായില്ല. അതുകൊണ്ട് അതു വിശദീകരിച്ചു കൊടുക്കുവാൻ അവർ യേശുവിനോടു പറഞ്ഞു. അതിന് യേശു, “നല്ല വിത്തു വിതച്ച മനുഷ്യൻ മശിഹയെയും നിലം ലോകത്തെയും നല്ല വിത്ത് ദൈവരാജ്യത്തിലെ മനുഷ്യരെയും പ്രതിനിധീകരിക്കുന്നു” എന്ന് പറഞ്ഞു.
“കളകൾ ദുഷ്ടനുള്ളവരായ മനുഷ്യരെയും കളകൾ വിതച്ച ശത്രു പിശാചിനെയും കൊയ്ത്ത് ലോകാവസാനത്തെയും കൊയ്ത്തുകാർ ദൈവത്തിന്റെ ദൂതന്മാരെയും പ്രതിനിധീകരിക്കുന്നു.”
“ലോകം അവസാനിക്കുമ്പോൾ, ദൂതന്മാർ പിശാചിനുള്ളവരായ എല്ലാ മനുഷ്യരെയും ഒരുമിച്ചു കൂട്ടുകയും അവരെ എരിയുന്ന തീയിൽ എറിഞ്ഞുകളയുകയും ചെയ്യും. അവിടെ അവർ ഭയാനകമായ കഷ്ടതയിൽ കരയുകയും പല്ലുകടിക്കുകയും ചെയ്യും. അപ്പോൾ നീതിമാന്മാർ അവരുടെ പിതാവായ ദൈവത്തിന്റെ രാജ്യത്തിൽ സൂര്യനെപ്പോലെ ശോഭിക്കും.”
ലോകം അവസാനിക്കുന്നതിനു തൊട്ടുമുൻപായി താൻ തിരികെ വരും എന്നും യേശു പറഞ്ഞു. അവൻ പോയതുപോലെ തന്നെ തിരികെ വരും. അതായത്, അവന് ഒരു ശരീരമുണ്ടായിരിക്കും ആകാശത്തിൽ മേഘങ്ങളിന്മേൽ അവൻ വരും. മരിച്ചുപോയ ഓരോ ക്രിസ്ത്യാനിയും യേശു തിരിച്ചു വരുമ്പോൾ, മരണത്തിൽ നിന്നും എഴുന്നേൽക്കുകയും ആകാശത്തിൽ അവനെ എതിരേൽക്കുകയും ചെയ്യും.
അതിനുശേഷം അപ്പോൾ ജീവനോടെയുള്ള ക്രിസ്ത്യാനികൾ മുകളിലേക്കു ചെന്ന് മരിച്ചവരിൽ നിന്നും ഉയിർത്തെഴുന്നേറ്റ മറ്റു ക്രിസ്ത്യാനികളോടു കൂടെ ചേരും. അവർ എല്ലാവരും പിന്നെ അവിടെ യേശുവിനോടു കൂടെയായിരിക്കും. അതിനു ശേഷം യേശു തന്റെ ജനത്തോടൊപ്പം പൂർണ്ണ സമാധാനത്തോടും ഒരുമയോടും കൂടെ എന്നെന്നേക്കും വസിക്കും.
തന്നിൽ വിശ്വസിക്കുന്ന ഓരോരുത്തർക്കും ഒരു കിരീടം നൽകുമെന്ന് യേശു വാഗ്ദത്തം ചെയ്തിട്ടുണ്ട്. അത് ലഭിക്കുന്നവർ ദൈവത്തോടു കൂടെ പൂർണ്ണ സമാധാനത്തോടെ എന്നേക്കും ജീവിക്കുകയും വാഴുകയും ചെയ്യും.
എന്നാൽ യേശുവിൽ വിശ്വസിക്കാത്ത എല്ലാവരെയും ദൈവം ന്യായം വിധിക്കും. ദൈവം അവരെ നരകത്തിൽ എറിഞ്ഞുകളയും. അവർ അവിടെ എന്നേക്കും കരയുകയും പല്ലുകടിക്കുകയും ചെയ്യും. ഒരിക്കലും കെട്ടുപോകാത്ത തീ അവരെ എപ്പോഴും പൊള്ളിച്ചുകൊണ്ടിരിക്കും, ഒരിക്കലും ചാവാത്ത പുഴുക്കൾ എപ്പോഴും അവരെ തിന്നുകൊണ്ടും ഇരിക്കും.
യേശു തിരികെ വരുമ്പോൾ, സാത്താനെയും അവന്റെ രാജ്യത്തെയും പൂർണ്ണമായി നശിപ്പിക്കും. ദൈവം സാത്താനെ നരകത്തിലേക്ക് എറിഞ്ഞുകളയുകയും ദൈവത്തെ അനുസരിക്കാതെ അവനെ അനുഗമിക്കുവാൻ തീരുമാനിച്ച എല്ലാവരോടും കൂടെ അവൻ അവിടെ എന്നേക്കും തീയിൽ കിടക്കുകയും ചെയ്യും.
ആദാമും ഹവ്വായും ദൈവത്തോട് അനുസരണക്കേടു കാണിക്കുകയും ലോകത്തിലേക്ക് പാപം കൊണ്ടുവരികയും ചെയ്തതിനാൻ, ദൈവം ലോകത്തെ ശപിക്കുകയും അതിനെ നശിപ്പിക്കുവാൻ തീരുമാനിക്കുകയും ചെയ്തു. എന്നാൽ ഒരു ദിവസം ദൈവം പൂർണ്ണതയുള്ള ഒരു പുതിയ ആകാശവും ഒരു പുതിയ ഭൂമിയും സൃഷ്ടിക്കും.
യേശുവും തന്റെ ജനങ്ങളും പുതിയ ഭൂമിയിൽ ജീവിക്കുകയും അപ്പോൾ ഉണ്ടായിരിക്കുന്ന സകലത്തിന്റെയും മേൽ അവൻ എന്നെന്നേക്കും വാഴുകയും ചെയ്യും. അവൻ എല്ലാ കണ്ണുനീരും തുടച്ചുകളയും. അവിടെ ദുഃഖമോ, കരച്ചിലോ, ദുഷ്ടതയോ, വേദനയോ, മരണമോ, കഷ്ടതയോ ഒന്നും ഉണ്ടാകുകയില്ല. യേശു തന്റെ രാജ്യത്തെ സമാധാനത്തോടും നീതിയോടും കൂടെ ഭരിക്കും. യേശു എന്നേക്കും തന്റെ ജനങ്ങളോടുകൂടെ ആയിരിക്കുകയും ചെയ്യും.
മത്തായി 24;14; 28:18; യോഹന്നാൻ 15:20, 16:33; വെളിപ്പാട് 2:10; മത്തായി 13:24-30, 36-42; 1തെസ്സലൊനിക്യർ 4:13-5:11; യാക്കോബ് 1:12; മത്തായി 22:13; വെളിപ്പാട് 20:10, 21:1-22:21