42. യേശു സ്വർഗത്തിലേക്ക് മടങ്ങിപ്പോകുന്നു
യേശു മരിച്ചവരിൽ നിന്നും ഉയിർത്തെഴുന്നേറ്റ ദിവസം അവന്റെ രണ്ടു ശിഷ്യന്മാർ അടുത്തുള്ള ഒരു പട്ടണത്തിലേക്കു നടന്നു പോകുകയായിരുന്നു. യേശുവിനു സംഭവിച്ച കാര്യങ്ങളെക്കുറിച്ചു സംസാരിച്ചുകൊണ്ടായിരുന്നു അവർ നടന്നു പോയത്. അവൻ മശിഹ ആയിരുന്നു എന്നാണ് അവർ പ്രതീക്ഷിച്ചിരുന്നത്, എന്നാൽ അവൻ കൊല്ലപ്പെട്ടു. ഇപ്പോൾ അവൻ വീണ്ടും ജീവിച്ചിരിക്കുന്നു എന്ന് സ്ത്രീകൾ പറയുന്നു. എന്താണു വിശ്വസിക്കേണ്ടത് എന്ന് അവർക്ക് മനസ്സിലായില്ല.
യേശു അവരുടെ അടുത്തു വന്ന് അവരോടൊപ്പം നടക്കുവാൻ തുടങ്ങി. എന്നാൽ അവർ അവനെ തിരിച്ചറിഞ്ഞില്ല . അവർ എന്താണ് സംസാരിക്കുന്നത് എന്ന് യേശു അവരോടു ചോദിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ യേശുവിന് സംഭവിച്ച കാര്യങ്ങളെക്കുറിച്ച് അവർ അവനോടു പറഞ്ഞു. യെരൂശലേമിൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന കാര്യങ്ങളെക്കുറിച്ച് അറിവില്ലാത്ത ഒരു സന്ദർശകനോടാണ് തങ്ങൾ സംസാരിക്കുന്നത് എന്ന് അവർ കരുതി.
അപ്പോൾ ദൈവത്തിന്റെ വചനത്തിൽ മശിഹയെക്കുറിച്ച് പറഞ്ഞിരിക്കുന്നത് എന്താണെന്ന് യേശു അവർക്കു വിശദീകരിച്ചു കൊടുത്തു. മശിഹ കഷ്ടമനുഭവിക്കുകയും കൊല്ലപ്പെടുകയും ചെയ്യും എന്നാൽ അവൻ മൂന്നാം നാൾ ഉയിർത്തെഴുന്നേൽക്കും എന്ന് പ്രവാചകന്മാർ പറഞ്ഞിരിക്കുന്നത് അവൻ അവരെ ഓർമ്മിപ്പിച്ചു. അവർ രണ്ടുപേരും താമസിക്കുവാൻ ഉദ്ദേശിച്ച ഗ്രാമത്തിൽ എത്തിയപ്പോഴേക്കും നേരം നന്നാ വൈകിയിരുന്നു.
തങ്ങളോടൊപ്പം താമസിക്കുന്നതിനു വേണ്ടി അവർ രണ്ടുപേരും യേശുവിനെ ക്ഷണിച്ചു. യേശു അവരുടെ ക്ഷണം സ്വീകരിച്ചു. അവർ അത്താഴം കഴിക്കാനായി തുടങ്ങിയപ്പോൾ, യേശു അപ്പമെടുത്തു ദൈവത്തിനു നന്ദി പറഞ്ഞ് അത് നുറുക്കി. പെട്ടെന്ന്, അത് യേശുവാണെന്ന് അവർക്കു മനസ്സിലായി. എന്നാൽ, ആ നിമിഷം തന്നെ അവൻ അവരുടെ കാഴ്ചയിൽ നിന്നും മറഞ്ഞു/അപ്രത്യക്ഷമായി.
“അത് യേശു ആയിരുന്നു! അതുകൊണ്ടാണ് അവൻ ദൈവത്തിന്റെ വചനം നമ്മോട് വിശദീകരിച്ച് പറഞ്ഞപ്പോൾ നമ്മുടെ ഹൃദയം കത്തിക്കൊണ്ടിരുന്നത്!” എന്ന് ആ രണ്ടു ശിഷ്യന്മാർ അന്യോന്യം പറഞ്ഞു. ഉടൻ തന്നെ അവർ യെരൂശലേമിലേക്ക് മടങ്ങി പോന്നു. അവർ മടങ്ങി എത്തിയപ്പോൾ അവർ ശിഷ്യന്മാരോട്, “യേശു ജീവിച്ചിരിക്കുന്നു! ഞങ്ങൾ അവനെ കണ്ടു!”എന്നു പറഞ്ഞു.
ശിഷ്യന്മാർ സംസാരിച്ചുകൊണ്ടിരുന്നപ്പോൾ, യേശു പെട്ടെന്ന് മുറിയിൽ അവർക്കു പ്രത്യക്ഷനായി അവരോട്, “നിങ്ങൾക്കു സമാധാനം!” എന്നു പറഞ്ഞു. അത് ഒരു ഭൂതമാണ് എന്ന് ശിഷ്യന്മാർ കരുതി. എന്നാൽ, യേശു അവരോട്, “നിങ്ങൾ ഭയപ്പെടുകയും സംശയിക്കുകയും ചെയ്യുന്നതെന്ത്? എന്റെ കൈകളും കാലുകളും നോക്കുവിൻ. എനിക്കുള്ളതുപോലെ കൈകളും കാലുകളും ഭൂതത്തിന് ഇല്ലല്ലോ?” എന്ന് പറഞ്ഞു. താൻ ഒരു ഭൂതമല്ല എന്നു തെളിയിക്കുന്നതിന് വേണ്ടി ഭക്ഷിക്കുവാൻ എന്തെങ്കിലുമുണ്ടോ എന്ന് യേശു ചോദിച്ചു. അവർ അവന് പാചകം ചെയ്ത ഒരു മീൻ കഷണം കൊടുത്തു. യേശു അതു തിന്നു.
“ദൈവത്തിന്റെ വചനത്തിൽ എന്നെക്കുറിച്ച് എഴുതിയിരിക്കുന്നത് എല്ലാം നിവൃത്തിയാകും എന്ന് ഞാൻ നിങ്ങളോട് പറഞ്ഞിരുന്നല്ലോ?” എന്ന് യേശു അവരോട് പറഞ്ഞു. അവർക്കു ദൈവത്തിന്റെ വചനം മനസ്സിലാകേണ്ടതിന് യേശു അവരുടെ ബുദ്ധിയെ തുറന്നു. പിന്നെ അവൻ അവരോട്, “മശിഹ കഷ്ടമനുഭവിക്കുകയും, മരിക്കുകയും, മരണത്തിൽ നിന്ന് മൂന്നാം നാൾ ഉയിർത്തെഴുന്നേൽക്കുകയും ചെയ്യുമെന്ന് പണ്ടു തന്നെ എഴുതിയിരിക്കുന്നു” എന്നു പറഞ്ഞു.
അവൻ പിന്നെയും അവരോട്, “തങ്ങളുടെ പാപങ്ങൾക്ക് ക്ഷമ ലഭിക്കുന്നതിനു വേണ്ടി എല്ലാവരും മാനസാന്തരപ്പെടണം എന്ന് എന്റെ ശിഷ്യന്മാർ പ്രസംഗിക്കും എന്നും തിരുവെഴുത്തുകളിൽ എഴുതിയിരിക്കുന്നു. അത് അവർ യെരൂശലേമിൽ തുടങ്ങുകയും പിന്നെ അവർ ലോകത്തെല്ലായിടത്തുമുള്ള എല്ലാജനവിഭാഗങ്ങളുടെയും അടുക്കലേക്കു പോകുകയും ചെയ്യും. നിങ്ങൾ ഇതിനെല്ലാം സാക്ഷികൾ ആകുന്നു” എന്ന് പറഞ്ഞു.
അടുത്ത നാല്പതു ദിവസത്തേക്ക്, യേശു തന്റെ ശിഷ്യന്മാർക്ക് അനേക തവണ പ്രത്യക്ഷപ്പെട്ടു. ഒരിക്കൽ, 500-ലധികം ആളുകൾക്ക് അവൻ ഒരേ സമയം പ്രത്യക്ഷനായി! താൻ ജീവിച്ചിരിക്കുന്നു എന്ന് തന്റെ ശിഷ്യന്മാർക്ക് പലവിധത്തിൽ തെളിയിച്ചുകൊടുക്കുകയും ദൈവരാജ്യത്തെക്കുറിച്ച്‍ അവരെ പഠിപ്പിക്കുകയും ചെയ്തു.
യേശു തന്റെ ശിഷ്യന്മാരോടു, “സ്വർഗ്ഗത്തിലും ഭുമിയിലും ഉള്ള സകല അധികാരവും എനിക്കു നൽകപ്പെട്ടിരിക്കുന്നു. അതുകൊണ്ട് നിങ്ങൾ പോയി, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ, സ്നാനം കഴിപ്പിച്ചും ഞാൻ നിങ്ങളോടു കല്പിച്ചതൊക്കെയും, പ്രമാണിക്കാൻ തക്കവണ്ണം ഉപദേശിച്ചും കൊണ്ട്, സകലജാതികളെയും എന്റെ ശിഷ്യരാക്കിക്കൊൾവിൻ. ഓർക്കുക, ഞാൻ എല്ലാനാളും നിങ്ങളോടു കൂടെ ഉണ്ടായിരിക്കും” എന്ന് പറഞ്ഞു.
താൻ മരണത്തിൽ നിന്നും ഉയിർത്തെഴുന്നേറ്റിട്ട് നാല്പതു ദിവസം കഴിഞ്ഞപ്പോൾ, യേശു തന്റെ ശിഷ്യന്മാരോട്, “പരിശുദ്ധാത്മാവ് നിങ്ങളുടെ മേൽ വരുമ്പോൾ എന്റെ പിതാവ് നിങ്ങൾക്കു ശക്തി നൽകുന്നതു വരെ നിങ്ങൾ യെരൂശലേമിൽ തന്നെ താമസിപ്പിൻ” എന്നു പറഞ്ഞു. അതിനു ശേഷം യേശു സ്വർഗ്ഗത്തിലേക്കു പോയി. ഒരു മേഘം അവരുടെ കാഴ്ചയിൽ നിന്ന് യേശുവിനെ മറച്ചു. യേശു സകലത്തിന്റെയും മേൽ വാഴുവാനായി ദൈവത്തിന്റെ വലത്തുഭാഗത്ത് ഇരുന്നു.
മത്തായി 28: 6-20; മർക്കൊസ് 16:12-20; ലൂക്കൊസ് 24:13-53; യോഹന്നാൻ 20:19-23; അപ്പൊസ്തല പ്രവർത്തികൾ 1:1-11